Friday, 31 January 2014

ക്ടാവുൽ ഗാന്ധി----ഒരു അഭിമുഖശകലം

അർനാബ് : ക്ടാവേ താങ്കൾക്കു പട്ടിയെ പേടിയുണ്ടോ ?

ക്ടാ വ്:എനിക്ക് മുന്നിൽ, പടർന്നു പന്തലിച്ചു കിടക്കുന്ന ഈ തെങ്ങുംതോപ്പും അതിലെ തെങ്ങുകളും തേങ്ങകളും മാത്രേ ഒള്ളു!! ഈ തെങ്ങുംതോപ്പിൽ നിറച്ചു തെങ്ങുകളാണ്, ആ തെങ്ങുകളിൽ ആയിരക്കണക്കിന് തേങ്ങാക്കുലകളും, തേങ്ങകളും ആണ്! തേങ്ങകളെയും തേങ്ങാക്കുലകളെയും തെങ്ങുകളെയും സംരക്ഷിക്കുക എന്ന കാര്യത്തിൽ ഞാനും ഈ തെങ്ങുംതോപ്പിലെ മറ്റു ക്ടാവുകളും പ്രതിജ്ഞാബദ്ധരാണ്. അത് വഴി ഈ തെങ്ങുംതോപ്പിലെ വിഭവസമൃദ്ധമായ തേങ്ങകളും അതിലെ തേങ്ങാപ്പൂളുകളും കാത്തുസൂക്ഷിച്ചു അതിൽ നിന്നും ഉണ്ടാക്കുന്ന ചമ്മന്തിയിൽ നിന്ന് കുടുങ്ങിക്കിടക്കുന്ന ഊർജ്ജത്തെ പുറത്തെത്തിക്കുക...!!!

അർനാബ് : ക്ടാവേ , പക്ഷെ എൻറെ ചോദ്യം അതല്ല. താങ്കൾക്കു പട്ടിയെ പേടിയുണ്ടോ എന്നാണ് ?!

ക്ടാ വ്: ഞാൻ പറഞ്ഞല്ലോ, എന്റെ മുന്നിൽ, അനന്തസാധ്യതകൾ നിറഞ്ഞു തുളുമ്പുന്ന ഒരു പടുകൂറ്റൻ ഊർജ്ജക്കൂംബാരം പേറി നിൽക്കുന്ന വിശാലമായ ഒരു തെങ്ങുംതോപ്പും തെങ്ങും തേങ്ങാക്കുലകളും മാത്രം ആണ്.........

അർനാബ് : ക്ടാവേ താങ്കൾക്കു പട്ടിയെ പേടിയുണ്ടോ?

ക്ടാ വ്: അതിലേക്കാണ് ഞാൻ വരുന്നത്... അപ്പൊ അങ്ങനെയുള്ള ഈ തെങ്ങുംതോപ്പിലെ തെങ്ങുകളെ കാത്തുസൂക്ഷിക്കുക എന്നുള്ളത് തന്നെയാവണ്ടേ, എന്നെ പോലെയുള്ള ഓരോ ക്ടാവിന്റെയും പ്രധാനലക്ഷ്യം?! മാത്രമല്ല...സ്ത്രീശാക്തീകരണം , ദി എമ്പവെർമെൻറ് ഓഫ് വിമെൻ...!!! ഈ തെങ്ങുംതോപ്പിലെ പശുക്കൾ...അവരെ ഇങ്ങനെ തെങ്ങുകളിൽ കെട്ടിയിട്ടു വളർത്തിയാൽ പോര... ലോകം കാണണം...മുന്നില് നിന്ന് നയിക്കണം...അതിനു അവർക്ക് പിണ്ണാക്ക് വേണ്ടേ...അപ്പൊ ഈ തെങ്ങുകളെയും തേങ്ങകളെയും തേങ്ങാക്കുലകളെയും..........

അർനാബ് : അതല്ല പട്ടീ ......യെ പേടിയുണ്ടോ എന്നാണു....

ക്ടാവ്: അതേയ്...അങ്ങോട്ടേക്ക് തന്നെയാണ് ഞാൻ വരുന്നത്....അപ്പൊ തേങ്ങാ....ഇങ്ങനെ ഊർജ്ജക്കൂമ്പാക്കുലകളും....പൂളുകളും ചമ്മന്തിയാക്കി ഇങ്ങനെ....സ്ത്രീശാക്തീ-കരണ...

അർനാബ്: ഇനി ഇയാള് തേങ്ങ തൊലിച്ചാ ഇയാൾടെ കരണം ഞാൻ പൊളിക്കും..ഡാ ചള്ള് ചെക്കാ....എന്റെ ക്ഷമയെ നീ പരീക്ഷിക്കല്ലേ...നിന്നൊടു പട്ടിയെ പേടിയുണ്ടോ എന്ന് ചോദിക്കുമ്പോ...അതിനു ഉത്തരം പറഞ്ഞാൽ മതി....നിന്റെ തേങ്ങാക്കുല ഇവിടെ പുറത്തെടുക്കണ്ട....കേട്ടല്ലോ...?!! പറയെടാ.... നിനക്ക് പട്ടിയെ പേടിയുണ്ടോ??!!

ഏ?!! ഹലോ... ക്യാമറമാൻ ഇവിടിരുന്ന ക്ടാവെവിടെ??

ഹ!!! അയ്യേ .....ഇവിടൊക്കെ അവൻ വൃത്തികേടാക്കിയല്ലൊ ...!!!

:a.k.n.

No comments:

Post a Comment